
എഐ സാങ്കേതിക വിദ്യയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയുമെന്നും ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, മറിച്ച് കുറയുകയാണ് ചെയ്യുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ ചുമർശിൽപ സ്മാരകം ഉദ്ഘാടനം ചെയ്യവേയാണ് എഐ വ്യാപിക്കുന്നതോടെ മാർക്സിസത്തിന് പ്രസക്തി വർധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞത്.
'എ.ഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും. അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുക. ഇത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുക'- എം വി ഗോവിന്ദൻ പറഞ്ഞു.











